This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ് ഗെയ്ല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ് ഗെയ്ല്‍

Chris Gayle (1979 - )

ക്രിസ് ഗെയ്ല്‍

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം. ടെസ്റ്റ്, ഏകദിന, ട്വന്റി-ട്വന്റി എന്നീ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും അന്താരാഷ്ട്ര സെഞ്ച്വറികള്‍ കരസ്ഥമാക്കിയ അപൂര്‍വം ചില കളിക്കാരില്‍ ഒരാളാണ് ക്രിസ് ഗെയ്ല്‍. ആക്രമണരീതിയിലുള്ള ബാറ്റിങ് ശൈലികൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹം നിരവധി മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിച്ചിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് ദ്വീപ് സമൂഹത്തില്‍പ്പെട്ട ജമൈക്കയില്‍ 1979 സെപ്. 21-ന് ഗെയ്ല്‍ ജനിച്ചു. ജമൈക്കന്‍ ടീമിലൂടെയായിരുന്നു ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ 1999-ല്‍ വെസ്റ്റ് ഇന്‍ഡീസ് സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 സെപ്തംബറില്‍ ഇന്ത്യയ്ക്കെതിരായി ഏകദിന ക്രിക്കറ്റിലും 2000 മാര്‍ച്ചില്‍ സിംബാബ്വെക്കെതിരായ മത്സരത്തിലൂടെ ടെസ്റ്റ്ക്രിക്കറ്റിലും ഗെയ്ല്‍ അരങ്ങേറി. ആദ്യകാല മത്സരങ്ങളിലൊന്നും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിയാതിരുന്ന ഗെയ്ല്‍ തന്റെ 10-ാമത്തെ ടെസ്റ്റ് മത്സരത്തില്‍ (2001) സിംബാബ്വെക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കരസ്ഥമാക്കി. അതേ വര്‍ഷം തന്നെ നെയ്റോബിയില്‍ കെനിയയ്ക്കെതിരെ നേടിയ 152 റണ്‍സാണ് ആദ്യത്തെ ഏകദിന സെഞ്ച്വറി. പിന്നീടുള്ള വര്‍ഷങ്ങളില്‍ സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളുമടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഗെയില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ അവിഭാജ്യഘടകമായി മാറി. അക്കാലത്തെ ഓപ്പണര്‍ സ്ഥാനത്ത് ഗെയ്ല്‍ നടത്തുന്ന അതിവേഗമുള്ള തുടക്കമായിരുന്നു വെസ്റ്റ്ഇന്‍ഡീസ് ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷ.

2004-ല്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനുമായി സ്പോണ്‍സര്‍ഷിപ്പിനെച്ചൊല്ലിയുള്ള കലഹത്തില്‍ ഗെയ്ലടക്കമുള്ള കളിക്കാര്‍ ടീമില്‍ നിന്നു പുറത്താക്കപ്പെട്ടു. എന്നാല്‍ 2005-ല്‍ വീണ്ടും ടീമിലെടുക്കപ്പെട്ട ഗെയ്ല്‍ ദക്ഷിണാഫ്രിക്കക്കെതിരായി ടെസ്റ്റ്മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ട് തിരിച്ചുവന്നു. ബാറ്റിങ് ഇതിഹാസമായ ബ്രയാന്‍ ലാറയ്ക്കുശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസ് കളിക്കാരനാണ് ഗെയ്ല്‍. 2005 സീസണില്‍ ഇംഗ്ലീഷ് കൗണ്ടിക്ലബ്ബായ പേര്‍സെസ്റ്റര്‍ഷയറിനുവേണ്ടിയും ഗെയ്ല്‍ ജഴ്സിയണിഞ്ഞു.

2007-ല്‍ നടന്ന പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗെയ്ല്‍ സെഞ്ച്വറി നേടി. ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു അത്. പിന്നീട് ട്വന്റി-ട്വന്റി മത്സരരംഗത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി ഗെയ്ല്‍ മാറി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വന്‍വിജയത്തെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സമാന ട്വന്റി-ട്വന്റി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെട്ടു. ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, സിംബാബ്വെ, ബാംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ മികച്ച ക്ലബ്ബുകള്‍ വന്‍തുകകൊടുത്താണ് ക്രിസ് ഗെയ്ലിനെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്. 2008, 09, 10 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടൂര്‍ണമെന്റുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ അംഗമായിരുന്നുവെങ്കിലും സമാനകാലത്തുതന്നെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് കളികളുള്ളതിനാല്‍ ഗെയ്ലിന് വളരെക്കുറച്ച് ഐ പി എല്‍ മത്സരങ്ങളിലാണ് പങ്കെടുക്കാനായത്. തന്റെ രണ്ടാമത്തെ ടെസ്റ്റായ ട്രിപ്പിള്‍ സെഞ്ച്വറി (333 റണ്‍സ്) നേടിയത് ഇക്കാലത്താണ്. 2011-ല്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിലെത്തിയ ഗെയ്ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കാന്‍വേണ്ടി ദേശീയ ടീമില്‍നിന്നും പിന്മാറി. ഈ തീരുമാനം നിരവധി വിമര്‍ശനങ്ങള്‍ക്കിടയാക്കി. ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി (55 പന്തില്‍ നിന്നും 102 റണ്‍സ്) നേടിക്കൊണ്ട് തുടങ്ങിയ ഗെയ്ല്‍ അതേ ടൂര്‍ണമെന്റില്‍ത്തന്നെ മറ്റൊരു സെഞ്ച്വറികൂടി (49 പന്തില്‍ നിന്നും 107 റണ്‍സ്) നേടി മികവുകാട്ടി. മലയാളി പേസ്ബൌളറായ പ്രശാന്ത് പരമേശ്വരന്റെ ഒരോവറില്‍ ഗെയ്ല്‍ നേടിയ 37 റണ്‍സ് ഐ പി എല്‍ ക്രിക്കറ്റിലെ ഒരു റെക്കോഡാണ്. ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ (12 മത്സരങ്ങളില്‍നിന്നും 608 റണ്‍സ്) ഗെയില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 2012-ല്‍ നടന്ന ഐ പി എല്‍ ടൂര്‍ണമെന്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് (15 മത്സരങ്ങളില്‍ നിന്നും 733 റണ്‍സ്) നേടിയ താരം ഗെയ്ല്‍ ആയിരുന്നു.

മികച്ച ഒഫ്സ്പിന്‍ ബൌളര്‍കൂടിയായ ഗെയ്ല്‍ രണ്ടു പ്രാവശ്യം ടെസ്റ്റിലും ഒരു പ്രാവശ്യം ഏകദിന ക്രിക്കറ്റിലും 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍